Monday, April 18, 2016

കിനാവള്ളികൾ

കിനാവള്ളികൾ
===============

" ജസ്റ്റിന്‍. ........നിൻറെ  ഈ കോള ഭ്രമം  നിന്നെ  നശിപ്പിക്കും......ഇതത്ര  നല്ലതൊന്നുമല്ല......"

കൂൾബാറിലെ ഫ്രീസറില്‍ അടുക്കി വച്ച കൊക്ക കോളയിൽ നിന്നും  ഒരു  ടിൻ എടുത്തു  നല്‍കി  കടക്കാരൻ  ജമാല്‍ക്ക അതു പറയുമ്പോൾ  ജസ്റ്റിന്‍  പതിവു പോലെ  അവന്‍റെ  വിളറിയ  ചിരി ചിരിച്ചു. 

" അഡിക്റ്റായി പോയി  ജമാല്‍ക്ക....നിർത്താൻ  പറ്റണില്ല. ...."

അവന്‍  പണം  നല്‍കിക്കൊണ്ടു പറഞ്ഞു.
ഡെയിലി  രണ്ടു  ചെറിയ ടിൻ കോള  വാങ്ങിക്കുടിക്കും. മറ്റെന്തെങ്കിലും ദുശ്ശീലം  ജസ്റ്റിനുള്ളതായി ഗ്രാമവാസികൾക്കാർക്കുമറിയില്ല. അമ്മയോടൊപ്പം അവന്‍  ഒരു  കൊച്ചു വീട്ടിലാണ് താമസം. ചെറിയ ചെറിയ  എന്തു  ജോലിക്കും  അവന്‍  തയ്യാറായതുകൊണ്ട് അവനെ  അറിയാത്തവരും അവനു  ഒരു  തവണയെങ്കിലും  കോള  വാങ്ങി നല്കാത്തവരും  ഗ്രാമത്തിൽ  കുറവായിരുന്നു.
കയ്യിലെ  അലുമിനിയം  ബോട്ടിലിൽ നിന്നും  കോള  മൊത്തിക്കുടിച്ച് അവന്‍  വീട്ടിലേക്കു  നടക്കുകയാണ്. പെട്ടെന്നാണ്  ചെറിയൊരു  ചാറ്റൽ മഴ പെയ്തു തുടങ്ങിയത്.  മഴയത്ത്  കോളക്ക് ഒരു  പ്രത്യേക  രുചിയാണെന്ന് അവനു തോന്നി.  വെയിലും മഴയും. അവനു നല്ല  രസം  തോന്നി. 
മഴവെള്ളത്തിന് ഇത്തിരി  തിളക്കം  കൂടുതല്‍  ഉണ്ടോ.....?

അതേ. ....മഴത്തുള്ളികൾ  ഇടക്ക്  വലിയ  തുള്ളികള്‍  ആയാണ്  പെയ്തിറങ്ങുന്നത്.

അല്ല. ...അത്  വലിയ  മഴത്തുള്ളികൾ  അല്ല. ....സുതാര്യമായ  കുഴലു പോലുള്ള  ഒരു തരം ജീവികൾ മഴയോടൊപ്പം പെയ്തിറങ്ങുന്നതാണ്.

ഇതെന്തു  ജീവികൾ. .....?

അതിനിടെയാണ്.ഒരു  വലിയ  പുഴു  അവന്‍റെ  തോളില്‍ തട്ടി  താഴെക്കു  പതിച്ചത്. അവന്‍  അതിനെ സൂക്ഷ്മമായി പരിശോധിച്ചു. 

ഒരു  കൈമുട്ടിൻറെ വലിപ്പമുള്ള  ജീവികൾ. സുതാര്യമായ  ശരീരം.നിലത്തുവീണു കിടക്കുന്നത് ഒരു  ഗ്ലാസ്  കഷ്ണമോ പ്ലാസ്റ്റിക്  കവറോ ആണെന്ന് തോന്നും. അതിന്  കണ്ണുകള്‍  ഉണ്ടായിരുന്നില്ല. മഴ നിലച്ചിരിക്കുന്നു. ജസ്റ്റിന്‍  ആ പുഴുവിൻറെ ദേഹത്തേക്ക് അൽപം  കോള ഒഴിച്ചു. ......

അതിൻറെ നിറം  മാറാന്‍  തുടങ്ങി. അതിനു  കോളയുടെ കറുപ്പ് നിറം  വന്നു.  പതുക്കെ  അതു  വീർത്തു വീർത്തു വന്നു.
ഒരു  വലിയ  സോപ്പ് പത  പൊട്ടുന്നത് പോലെ  അത് പൊട്ടിത്തകർന്നു.  അതു  ചത്തു പോയിരിക്കുന്നു.
അവന്‍  ചുറ്റും നടന്നു നോക്കി.  മറ്റു  പുഴുക്കള്‍  ഒന്നിനെ പോലും  അവനു കണ്ടെത്താൻ സാധിച്ചില്ല. നിലത്ത്  അവ  വീണ  സ്ഥലങ്ങളിൽ  വടി കൊണ്ട്  ഒരു  വട്ടം  വരച്ച  പോലെ  മണ്ണിളകി കാണപ്പെട്ടു.  അവയെല്ലാം  ഭൂമിക്കടിയിലേക്കു മറഞ്ഞു കഴിഞ്ഞിരുന്നു.  അവൻ വീട്ടിലേക്കു നടന്നു.
അമ്മ  പശുവിന് പുല്ലിട്ട് കൊടുക്കുകയാണ്. അവന്‍  വീടിനു ചുറ്റും  കോള കൊണ്ട്  ഒരതിരു വരച്ചു. ഇനി  ആ പുഴുക്കള്‍  വീടിനകത്തേക്കു  കയറി  വരണ്ട.  അവന്‍  ചിന്തിച്ചു.
ഭക്ഷണം  കഴിച്ച്  കിടക്കുമ്പോഴും അവന്  മഴയില്‍  വീണ  ആ ജീവികളെക്കുറിച്ചായിരുന്നു  ആലോചിച്ചു  കൊണ്ടിരുന്നത്.

അതെന്തു ജീവികളായിരിക്കും...?

അവയെങ്ങനെ  ആകാശത്തെത്തി.....?

ഭൂമിക്കടിയിലേക്ക് എങ്ങനെയാണവക്ക് തുളച്ചു  കയറാനാവുന്നത്.....?

അവന്  ഒരെത്തും പിടിയും  കിട്ടിയില്ല.

അതിരാവിലെ  അമ്മയുടെ  ആർത്തനാദം കേട്ടാണ് ജസ്റ്റിന്‍  ഞെട്ടിയുണർന്നത്. അഴിഞ്ഞുപോയ  തുണി  വാരിചുറ്റി അവന്‍  പുറത്തേക്കോടി. തൊഴുത്തിൽ പശുവും  കിടാവും ചത്തു മലച്ചു കിടക്കുന്നു.  തൊട്ടപ്പുറത്ത്  തൻറെ  വളർത്തു പൂച്ചയും.  അവന്‍  തൊടിയിലേക്കിറങ്ങി.  ഓടി  നടക്കുന്ന  നായകളും മറ്റു  ജീവികളുമെല്ലാം  ജീവനറ്റുകിടക്കുന്നതവൻ കണ്ടു.  അവയെല്ലാം  രക്തം  നഷ്ടമായി  വിളറി വെളുത്താണ് കിടക്കുന്നത്.
അവന്‍  വീട്ടിലേക്കോടി അമ്മയുടെ  കൈ പിടിച്ചു.  അവര്‍  തൊട്ടടുത്ത വീട്ടിലേക്കു  വേഗത്തില്‍ നടന്നു.
അവിടെയും  അവരെ ഭീതിതമായ കാഴ്ചയാണ്  കാത്തിരിപ്പുണ്ടായിരുന്നത്.
വീട്ടുകാരെല്ലാം രക്തം  നഷ്ടപ്പെട്ട് മരിച്ചു  കിടക്കുന്നതവർ കണ്ടു. പക്ഷേ  ഒരു തുള്ളി  രക്തം  പോലും  തറയില്‍  അവനു കാണാന്‍  സാധിച്ചില്ല.

പക്ഷെ  ആ കാഴ്ച  അവനെ  വല്ലാതെ  നടുക്കിക്കളഞ്ഞു. അവിടെയെല്ലാം വട്ടം  വരച്ച പോലെ മണ്ണിളകി കിടക്കുന്നു.

അപ്പോള്‍. .......?

അപ്പോള്‍  ഇവരെയെല്ലാം  കൊന്നത്  ആ പുഴുക്കള്‍  ആണെന്നോ.....?

അവന്‍  അമ്മയുടെ  കൈ  മുറുകെ പിടിച്ചു.  നിരത്തിലൂടെ  നഗരം  ലക്ഷ്യമാക്കി  ഓടി. റോഡിനിരുവശവും  പാടത്തും കുളത്തിലുമെല്ലാം വിറങ്ങലിച്ച ശവങ്ങള്‍  മാത്രം.

അവര്‍  രണ്ടു പേരുമല്ലാതെ രക്ത ചുവപ്പുള്ള ഒരു  ജീവിയും അന്ന്  രാവിലെ   ആ ഗ്രാമത്തിൽ  ജീവനോടെയുണ്ടായിരുന്നില്ല.

അവര്‍  സർവശക്തിയുമെടുത്ത്  തിരിഞ്ഞു നോക്കാതെ..ഓടി .........

ജീവൻ രക്ഷിക്കാനുള്ള ഓട്ടം

കാട്ടുതീ പോലെയാണ്  വാർത്ത  ലോകമെങ്ങും  പരന്നത്.അജ്ഞാതജീവികൾ  ഒരു  ഗ്രാമത്തിലെ ജീവജന്തുക്കളെ മുഴുവന്‍  രക്തമൂറ്റിക്കുടിച്ച്  കൊലപ്പെടുത്തിയിരിക്കുന്നു .ആളുകള്‍  കൂട്ടത്തോടെ   സംഭവസ്ഥലത്തേക്ക് വരാന്‍ തുടങ്ങി. ഭരണകൂടം  ഉണർന്നു.

മരണപ്പെട്ടവരുടെ  ദൃശ്യങ്ങൾ  ആളുകളെ  ഭീതിപ്പെടുത്തി  .പൊതുജനങ്ങളെ  ഗ്രാമത്തിലേക്കു  പ്രവേശിക്കുന്നത് അധികാരികൾ തടഞ്ഞു.

പ്രേതഗ്രാമത്തിൻറെ 10 km ചുറ്റളവിൽ നിന്നും  ആളുകള്‍  ഒഴിപ്പിക്കപ്പെട്ടു. 490  ആളുകള്‍  താമസിക്കുന്ന  ആ ഗ്രാമത്തിൽ നിന്നും  398 പേരും  വധിക്കപ്പെട്ടിരിക്കുന്നു.

പ്രശ്നം  അനുനിമിഷം  വഷളാവാൻ തുടങ്ങി. പോസ്റ്റ് മോര്‍ട്ടം  റിപ്പോർട്ടിലും  രക്തം നഷ്ടപ്പെട്ട് മരണപ്പെട്ടു  എന്നു മാത്രമാണ്  കണ്ടെത്താൻ കഴിഞ്ഞത്. കൂടുതല്‍  പരിശോധനക്കായി  ഡെഡ്ബോഡികൾ രാജ്യത്തെ    വിവിധ  ലാബുകളിലേക്കും വിദേശത്തേക്കും അയക്കപ്പെട്ടു .
ഇൻറലിജെൻസ് റിപ്പോർട്ടിൻറെ  അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിദേശ രാഷ്ട്രങ്ങൾ തങ്ങളുടെ ആളുകളെ  നാട്ടില്‍  തിരിച്ചെത്തിക്കുന്നതിനായി സ്പെഷല്‍  വിമാനങ്ങൾ  ഏർപ്പെടുത്തി. പ്രേതഗ്രാമം പട്ടാളത്തിൻറെ കസ്റ്റഡിയിലായി. അന്വേഷണ ഉദ്യോഗസ്ഥർക്കാർക്കും കൂട്ടമരണത്തിൻറെ കാരണം  കണ്ടെത്താൻ  കഴിഞ്ഞില്ല. സമ്പന്നനായ ഒരാളുടെ വീട്ടിലെ  സിസിടിവി ദൃശ്യങ്ങൾ പോലീസ്  പരിശോധിച്ചു.  അവര്‍  കിടക്കുന്ന  ദൃശ്യത്തിനപ്പുറം  ആ പരിസരത്ത്  ആരും  വരുന്നതോ  അവരെ  ആരെങ്കിലും  ഉപദ്രവിക്കുന്നതോ ആയ  ഒരു തെളിവും  ലഭിച്ചില്ല. പിറ്റേന്ന്  കട്ടിലില്‍  മരിച്ചു കിടക്കുന്നതു മാത്രം  കാണാന്‍ കഴിഞ്ഞു .

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. .....

കേരളം ഒരൊറ്റ ദിവസം കൊണ്ട്  ലോകത്തിൻറെ ശ്രദ്ധാകേന്ദ്രമായി
ലോകം  ഭീതിയോടെ  അടുത്ത  ദുരന്തത്തിനായി കാതോർത്തു.  നഗരത്തിലെ  പോലീസ് സ്റ്റേഷനിൽ  അഭയം തേടിയ  ജസ്റ്റിനും അമ്മയും  ഏതോ  അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടു.

പതിയെ പതിയെ  സ്ഥിതിഗതികൾ  കൂടുതല്‍ സങ്കീർണമാവാൻ തുടങ്ങി.
സോഷ്യല്‍ മീഡിയകളിലൂടെയുള്ള ഊഹാപോഹങ്ങൾ  ആളുകളെ  ഭീതിയിലാഴ്ത്തി.
പരിഭ്രാന്തരായ ജനങ്ങള്‍  കിട്ടിയ വാഹനങ്ങളിൽ  അയൽസംസ്ഥാനങ്ങളിലേക്കു രക്ഷപ്പെടാൻ തുടങ്ങി. ജനങ്ങളുടെ  പലായനം  അതിരു കടക്കാന്‍ തുടങ്ങിയതോടെ സംസ്ഥാന  അതിർത്തികൾ അടക്കപ്പെട്ടു. മൂന്ന് കോടി ജനങ്ങളുടെ  പ്രതിഷേധവും ഭീതിയും  രാജ്യത്തെ  മുൾമുനയിൽ  നിർത്തി. പ്രധാനമന്ത്രി  അടിയന്തരമായി സർവ്വകക്ഷിയോഗം വിളിച്ചു  ചേര്‍ത്തു.  അന്വേഷണ ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് വിളിച്ചു  സ്ഥിതിഗതികൾ വിലയിരുത്തി. ആർക്കും  ഒരുത്തരവും പ്രതിവിധിയും കണ്ടെത്താൻ  കഴിഞ്ഞില്ല. കൂടുതല്‍  ഫോഴ്സിനെ കേരളത്തിലേക്ക് അയക്കാൻ തീരുമാനിക്കപ്പെട്ടു.

യുദ്ധസമാനമായ അന്തരീക്ഷം .

ആളുകള്‍  എങ്ങനെ  മരണപ്പെട്ടു. ....?

അവരുടെ  രക്തം  നഷ്ടമായതെങ്ങനെ.....?

ഇന്നു  രാത്രി  അത്  രാജ്യത്തെ  മൊത്തം  ബാധിക്കുമോ......?

ഇത്  ശത്രുരാജ്യങ്ങളുടെ  ആക്രമണമാണോ......?

അതോ  അന്യഗ്രഹ ജീവികൾ  ആയിരിക്കുമോ......?

ജീവിലോകത്തിൻറെ അവസാനം  ആയിരിക്കുമോ.......?

ആർക്കും  ഒരുത്തരവും കണ്ടെത്താൻ  കഴിഞ്ഞില്ല.

സമയം രാത്രിയായി തുടങ്ങി.  ഗ്രാമത്തിനു ചുറ്റും  ശക്തമായ  ലൈറ്റുകള്‍  പ്രകാശിപ്പിക്കപ്പെട്ടു. ലോക  രാജ്യങ്ങളുടെ ആവശ്യപ്രകാരം അവരുടെ  മീഡിയകൾ  ഓരോ  നിമിഷവും  ഒപ്പിയെടുത്ത് തൽസമയം സംപ്രേഷണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ എല്ലാ ആശുപത്രികൾക്കും പൂർണ സജ്ജരായിരിക്കാൻ നിർദ്ദേശം നല്കി.

ലോകം  അന്ന് ഉറക്കമിളച്ച്  ഒരു  ദുരന്തത്തിനായി കാതോർത്തു.

പക്ഷേ. .....അന്നു രാത്രി  ഒന്നും  സംഭവിച്ചില്ല.

ആളുകള്‍  ശാന്തരായി തുടങ്ങി. ജീവിതം  സാധാരണ ഗതിയിലേക്ക് വന്നു തുടങ്ങി.

വിദേശ രാജ്യങ്ങളിൽ നിന്നും  കൂടുതല്‍  ഗവേഷകരെത്തി ഗ്രാമത്തിനു സമീപം  തമ്പടിച്ചു.

പിറ്റേന്ന്  രാത്രി. .........

അത് പുലർന്നത്  ലോകത്തെ നടുക്കുന്ന  വാർത്തയുമായിട്ടായിരുന്നു

ഗ്രാമത്തിനു  ചുറ്റും  തമ്പടിച്ച  പട്ടാളക്കാരും വിദേശ  ഗവേഷകരുമടക്കം  1200  പേര്‍  കൊല്ലപ്പെട്ടു.

ലോകം ആ വാർത്തയില്‍  വിറങ്ങലിച്ചു നിന്നു.......



ലോകം  അത്യദ്ഭുതത്തോടെ  അതിലുപരി  ഭയത്തോടെ  ടിവി സ്ക്രീനുകളിൽ തലേദിവസം  രാത്രി നടന്ന  ആ  ഭീകരരംഗം  കണ്ടു .രാത്രി  10 - 30 -11 മണിയോടെ  പ്രേത ഗ്രാമത്തിൽ  നിന്നും  തലകുത്തി മറിയുന്ന  അഭ്യാസികളെപ്പോലെയും  ചിലത്  അട്ടകളെ പോലെ മുന്നിലേക്കു തെന്നി  നീങ്ങിയും   അതിർത്തിയിൽ കൂടി നിൽക്കുന്ന  പട്ടാളക്കാരെയും ഗവേഷകരെയും ലക്ഷ്യം വച്ച്  അതിവേഗത്തിൽ പാഞ്ഞുവരുന്ന  ഗ്ലാസ് പോലെ സുതാര്യമായ വലിയ  പൈപ്പുകഷണം പോലെയുള്ള   അസംഖ്യം  വിചിത്ര ജീവികൾ.

പട്ടാളക്കാർ അവക്ക്  നേരെ  വെടിയുതിർക്കുന്നു. പക്ഷേ  വെടിയുണ്ട  ഏറ്റ് തുളഞ്ഞുപോവുന്ന അവയുടെ ശരീരം  പിന്നെയും  പൂർവസ്ഥിതി പ്രാപിക്കുന്നു.   അവ അവർക്കു നേരെ പൂർവാധികം ശക്തിയോടെ പാഞ്ഞടുക്കുക്കുകയാണ്. പട്ടാള ഉദ്യോഗസ്ഥർ ഗ്യാസിന്റെയും മറ്റു ഇന്ധനങ്ങളുടെയും സഹായത്തോടെ  അവക്കെതിരെ തീ  പടർത്താൻ ശ്രമിക്കുന്നുണ്ട്.  അവ തീചൂടേൽക്കുന്നതോടെ ഭൂമിക്കടിയിലേക്കു  തുരന്ന് കയറി  അപ്രത്യക്ഷമാവുന്നു. ആ വിചിത്ര ജീവികൾക്ക് ഭൂമിക്കടിയിലൂടെയും  തുരന്ന് സഞ്ചരിക്കാൻ സാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും  അവ  വീണ്ടും  പ്രത്യക്ഷപ്പെടുന്നതും കാത്തു ആയുധസജ്ജരായി നിൽക്കുന്ന  പട്ടാളക്കാരുടെയും  ഗവേഷകരുടെയും  കാൽ ചുവട്ടില്‍ നിന്നും  ഒരു  സോക്‌സു പോലെ  അവ കാലുകളിലൂടെ പടർന്നു  കയറുകയാണ്. അതോടെ  അവരുടെ  ചലനശേഷി  നഷ്ടമാവുന്നു. രക്തം  പൂർണമായും  വലിച്ചെടുക്കുന്നതോടെ  ഒരു  മരത്തടി  കണക്കെ അവര്‍  മരിച്ചു വീണു. അരമണിക്കൂർ നീണ്ട ആക്രമണത്തിനുശേഷം ജീവികൾ  എല്ലാം  ഭൂമി തുരന്ന്  അപ്രത്യക്ഷമായി. അവയെ കാണാതായ സ്ഥലങ്ങളിൽ  വട്ടത്തിൽ  മണ്ണിളകിയതായി കാണപ്പെട്ടു.

    ലോകരാഷ്ട്രങ്ങളിലെ ജനങ്ങളില്‍  ഭീതിയും  അത്ഭുതവും  ഉളവാക്കുന്ന കാഴ്ചകള്‍  ആയിരുന്നു  അത്. ഒരു വേള  അതൊരു  ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങള്‍  ആയി  പോലും  ചിലര്‍  സംശയിച്ചു.
    അതിനിടെ  കുറച്ചു  ജീവികളെ പിടിച്ചു  കൂട്ടിലടക്കാൻ  മരണത്തിൽ നിന്നും  രക്ഷപെട്ട ചില ഗവേഷകര്‍ക്ക് സാധിച്ചു.  കനം കൂടിയ  ചില്ലു  പേടകങ്ങൾക്കുള്ളിൽ അവ  തുള്ളിക്കൊണ്ടിരുന്നു. അജ്ഞാതകേന്ദ്രങ്ങളിൽ അവയെ  നശിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിവിധ  രാജ്യങ്ങളിലെ  വിദഗ്ധര്‍  ഒരുമിച്ച്  ചേര്‍ന്ന്  നടത്താന്‍  തുടങ്ങി.
ആധുനിക  യന്ത്രസംവിധാനങ്ങളുടെയും  അൾട്രാവയലറ്റ് കിരണങ്ങളുടെയും ആധുനിക  സാറ്റലൈറ്റുകളുടെയും സഹായത്തോടെ  ജീവികളുടെ വ്യാപ്തിയും എണ്ണവും  അവയുടെ  ചലനങ്ങളും  നിരീക്ഷിക്കാൻ തുടങ്ങി. രണ്ടു  രാത്രി  കൊണ്ട് തന്നെ  ഒരു  ജില്ലയില്‍ മുഴുവന്‍  അവയുടെ  സാന്നിധ്യം  കണ്ടെത്തിയത്  ഏവരെയും  മുൾമുനയിൽ നിർത്തി. അത്ഭുതപ്പെടുത്തുന്ന മറ്റൊരു  വസ്തുത  കൂടി  അവര്‍  ലോകത്തെ  അറിയിച്ചു.
അവ  ഓരോ ദിവസവും  ഇരട്ടിയായി  പെരുകിക്കൊണ്ടിരിക്കുന്നു. അമീബകൾ മുറിഞ്ഞു  രണ്ടു  ജീവികൾ  ആവുന്നതു പോലെ  ഇവയും  നടു മുറിഞ്ഞു  രണ്ടു  ജീവികൾ  ആവുന്നു.

അത് അത്യന്തം  ഭീകരമായ ഒരു  വാർത്ത  തന്നെയായിരുന്നു. വെറും  നാലു ദിവസം  കൊണ്ട്  ഒരു  ജില്ല മുഴുവന്‍  ശ്മശാനമാക്കുന്നതിനുള്ള  ശേഷി അവ  കൈവരിക്കും അടുത്ത   ഒരാഴ്ചക്കുള്ളിൽ തന്നെ  കേരളം  മുഴുവന്‍  ആ ജീവികൾ കയ്യടക്കും.

ഐക്യ രാഷ്ട്ര സഭ  അടിയന്തരമായി  ലോക രാഷ്ട്രങ്ങളുടെ യോഗം  വിളിച്ചു  ചേര്‍ത്തു. ഇന്ത്യന്‍  പ്രധാനമന്ത്രിയെ ലോകം  ഉറ്റുനോക്കി. അവസാനം  അവര്‍  ഒരു  തീരുമാനത്തിലെത്തിച്ചേർന്നു. അവയുടെ  സാന്നിധ്യം  കണ്ടെത്തിയ  ജില്ലയെ അണുബോംബിലൂടെ പൂർണമായി തകർക്കുക. ഇന്ത്യൻ പ്രധാനമന്ത്രിയെ അവര്‍  അതിനായി ചുമതലപ്പെടുത്തി .അമേരിക്കയും ചൈനയും ഇന്ത്യക്കു  സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

ആ ജില്ലയിലെയും സമീപമുള്ള മൂന്ന്  ജില്ലകളിലേയും ആളുകളെ  പൂർണമായും  ഒഴിപ്പിക്കപ്പെട്ടു.  ലോകത്തിലെ ഏറ്റവും വലിയ  അഭയാർഥി പ്രവാഹം  തന്നെ  അത്  സൃഷ്ടിച്ചേക്കുമെന്ന്  മാധ്യമങ്ങൾ  വിളിച്ചു പറഞ്ഞു.
പ്രധാന മന്ത്രി  മുഴുവന്‍  മുഖ്യമന്ത്രിമാരും ഇന്ത്യന്‍  പ്രസിഡന്റിൻറെ വസതിയില്‍  ഒത്തു  ചേരാൻ ഉത്തരവിറക്കി. രാജ്യം അടിയന്തരാവസ്ഥ  പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി വാർത്ത  പരന്നു.

കേരളത്തിൽ അണുബോംബ്  വർഷിക്കുന്നതിനുള്ള  അനുമതി  ലഭിക്കുന്നതിനായി മുതിര്‍ന്ന  പട്ടാള ഉദ്യോഗസ്ഥർ  സർവസൈന്യാധിപനായ  ഇന്ത്യന്‍  പ്രസിഡന്റിൻറെ ഓഫീസില്‍  ഹാജരായി.

ലോക രാഷ്ട്രതലവൻമാർ പ്രധാനമന്ത്രിക്കു മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.

അപ്പോഴേക്കും  അടച്ചു  വെച്ച അതിർത്തികൾ  തകര്‍ത്തു  കേരളത്തിലെ ജനങ്ങള്‍  കൂട്ടത്തോടെ  അയൽസംസ്ഥാനങ്ങളിലേക്കു  പലായനം  ആരംഭിച്ചു കഴിഞ്ഞിരുന്നു.

അക്ഷമയോടെ  കാത്തിരുന്ന പ്രധാനമന്ത്രി യും  സൈനികോദ്യോഗസ്ഥരും പ്രസിഡന്റിൻറെ  ചേംബറിലേക്ക് വിളിക്കപ്പെട്ടു.....

പ്രധാനമന്ത്രിയും മുതിര്‍ന്ന  സൈനിക മേധാവികളും  പ്രസിഡന്റിനു മുൻപിൽ ഹാജരായി. അദ്ദേഹം  കണ്ണടച്ച്  ധ്യാനത്തിലെന്ന പോലെ  ഇരിക്കുകയായിരുന്നു.  പ്രധാന മന്ത്രി  ലോകരാഷ്ട്രങ്ങളുടെ സമ്മർദ്ദവും ഒരുപക്ഷേ  അവര്‍  സ്വയം  അക്രമണത്തിനു മുതിര്‍ന്നേക്കാമെന്നും പ്രസിഡന്റിനെ അറിയിച്ചു.
പട്ടാള ഉദ്യോഗസ്ഥർ  ബോംബിട്ടു  തകർക്കേണ്ട കേരളത്തിലെ  സ്ഥലത്തെ കുറിച്ച്  ഒരു  ചെറു വിവരണം  പ്രസിഡന്റിനു മുൻപിൽ  അവതരിപ്പിച്ചു.
അതുവരെ  നിശ്ശബ്ദനായി കണ്ണടച്ചിരുന്നു  എല്ലാം  ശ്രവിച്ചു  കൊണ്ടിരുന്ന  പ്രസിഡന്റ്  പതുക്കെ  കണ്ണു തുറന്നു.

"ഈ  ഒരു  ബോംബ് സ്ഫോടനത്തിലൂടെ നമുക്ക്  അവയെ  നിശ്ശേഷം  നശിപ്പിക്കാനാവുമോ....? "

വളരെ  ശാന്തമായിരുന്നു അദ്ദേഹത്തിൻറെ  ചോദ്യം.

"ഇല്ല സര്‍  കൂടുതല്‍  ജില്ലകളിലേക്ക് അവ  പടർന്നു കയറിത്തുടങ്ങിയെന്നാണ് അവസാനം  ലഭിച്ച  റിപ്പോർട്ട്..."

" വേണ്ട. .....കേരളം  മുഴുവനും  ബോംബിട്ടു  തകര്‍ത്താൽ നമുക്ക്  രാജ്യത്തെ  രക്ഷിക്കാനാവുമോ......? "

സൈനിക മേധാവികള്‍  വ്യക്തമായ ഒരു മറുപടി നല്കാനാവാതെ തലകുനിച്ചു.

" പ്രധാനമന്ത്രി  തനിക്ക് വന്ന ട്വീറ്റ്  ശ്രദ്ധിച്ചു കൊണ്ട്  പ്രസിഡന്റിനോട് അഞ്ച് മിനിറ്റ്  സ്വകാര്യ സംഭാഷണത്തിന് അനുമതി  ചോദിച്ചു.
സൈനിക മേധാവികള്‍  പുറത്തിറങ്ങി.

"പറയൂ  മിസ്റ്റര്‍  പ്രൈം മിനിസ്റ്റർ.....അണുബോംബിലൂടെയോ ഹൈഡ്രജന്‍ ബോംബിലൂടെയോ അല്ലാതെ  നമുക്ക്  ഈ പ്രശ്‌നത്തിന് ഒരു  പരിഹാരം  കണ്ടെത്താൻ  സാധിക്കുമോ. ..? "

" സർ.....അവയുടെ  അക്രമണത്തിൽ നിന്നും  രക്ഷപ്പെട്ട ഒരു  പയ്യനും  അമ്മയും  റോയുടെ കസ്റ്റഡിയിൽ ഉണ്ട്.
അവസാന ശ്രമം  എന്ന  നിലക്ക്  ഞാന്‍  ആ പയ്യനുമായും സംസാരിക്കുകയുണ്ടായി.....!"

" ഉം. ......എന്നിട്ട്. ....? "

" അവൻ പറയുന്നത്  ആ  വിചിത്ര ജീവികളെ നശിപ്പിക്കുന്നതിനുള്ള  വഴി  അവനറിയാം  എന്നതാണ്. ...."

" എന്താണത്. ......? "

" പക്ഷേ  തികച്ചും  ബാലിശമായ  ഒരു  പോംവഴിയാണ് അവന്‍  നിർദ്ദേശിക്കുന്നത്.....അതു പുറത്തു  വിട്ടാല്‍  ലോകത്തിനു മുന്നില്‍  നാം വീണ്ടും  അപഹാസ്യമായേക്കുമോ എന്നു  ഞാന്‍  ഭയപ്പെടുന്നു....."

Pm പറഞ്ഞു നിർത്തി.

അല്പ നേരം നിശബ്ദത അവര്‍ക്കിടയിൽ തളം കെട്ടി നിന്നു.

ആ..... പയ്യൻ.....എന്തായിരുന്നു  അവന്‍റെ  പേര്. ..? "

പ്രസിഡന്റ് ചോദിച്ചു.

" ജസ്റ്റിന്‍  എന്നാണ്  സർ...."

" ok   അയാളെ ഇവിടെ  രഹസ്യമായി  എത്തിക്കാനാവുമോ...? "

" തീർച്ചയായും  സർ....അയാള്‍  ഇവിടെ തന്നെയുണ്ട്. ...."

ജസ്റ്റിന്‍  അവര്‍ക്ക്  മുന്നില്‍  ഹാജരാക്കപ്പെട്ടു.

" ജസ്റ്റിന്‍  നിങ്ങള്‍  എങ്ങനെയാണ്  അവയെ  നശിപ്പിക്കാൻ സാധിക്കുമെന്ന്  പറയുന്നത്. ....? "

പ്രസിഡന്റ്  ആകാംക്ഷയോടെ ചോദിച്ചു.

" സർ അതു  പറഞ്ഞു ബോധ്യപ്പെടുത്താൻ  ചിലപ്പോള്‍  എനിക്ക്  സാധിക്കില്ല. കാരണം  തികച്ചും  അവിശ്വസനീയമാണത്. പകരം  ഞാനവയിലൊന്നിനെ കൊന്നു  കാണിക്കാം...അങ്ങയെയും ബഹുമാന്യനായ പ്രധാനമന്ത്രിയെയും  ബോധ്യപ്പെടുത്താൻ  എനിക്ക്  സാധിച്ചാൽ അവയെ  നിഷ്പ്രയാസം  ഈ ഭൂമിയില്‍ നിന്ന്  തുടച്ചു  നീക്കാൻ നമുക്ക്  സാധിക്കുമെന്ന്  ഞാന്‍  ഉറച്ചു വിശ്വസിക്കുന്നു.

പ്രസിഡന്റ്  അവനു പരീക്ഷണം  നടത്തുന്നതിന് അനുമതി നല്‍കി.
  കേരളത്തിൽ നിന്നും  പിടികൂടിയ ഒരു  ജീവിയെ അതീവ രഹസ്യമായി ഡൽഹിയിൽ  എത്തിക്കാൻ ഉത്തരവ്  പുറപ്പെടുവിച്ചു. രാജ്യത്തെ  മുൻ നിര  ശാസ്ത്രജ്ഞരുടെയും സൈനിക മേധാവികളുടെയും മുന്നറിയിപ്പ്  പ്രസിഡന്റ്  മുഖവിലക്കെടുത്തില്ല.
കനം  കൂടിയ ചില്ലു പേടകത്തിനുള്ളിൽ  അടച്ച ഒരു  ജീവിയെ  അവര്‍ക്കു മുന്നില്‍  ഹാജരാക്കപ്പെട്ടു.
" പ്രധാനമന്ത്രിയും  പ്രസിഡന്റും സുരക്ഷയുടെ  ഭാഗമായി  മറ്റൊരു  റൂമിലേക്ക്  മാറ്റപ്പെട്ടു.
ജസ്റ്റിന്‍  പതുക്കെ  ചില്ലു  പേടകം തുറന്നു. കയ്യിലെ  കോള ബോട്ടിൽ  പൊട്ടിച്ചു.  പക്ഷേ  അപ്രതീക്ഷിതമായി ആ ക്ഷുദ്രജീവി മുകളിലേക്കു ചാടി അവന്‍റെ  മുഖത്ത്  തൂങ്ങിയാടി.  അവനു ബോധം നഷ്ടമാവുന്നത് പോലെ തോന്നി. അർദ്ധബോധാവസ്ഥയിൽ അവന്‍  കോള മുഴുവന്‍  തന്റെ  മുഖത്തേക്കൊഴിച്ചു. പിന്നെ  തറയിലേക്ക് വീണു. അപകട സൈറൺ മുഴങ്ങി.
ആ  ജീവി പതുക്കെ പതുക്കെ  വികസിക്കാൻ തുടങ്ങി.  ഒരു  കറുത്ത  പൈപ്പു കഷണം  കുത്തി  നിർത്തിയതു പോലെ  അത് തറയില്‍  ഉയര്‍ന്നു നിന്നു.
പിന്നെ  ചെറിയൊരു  മുഴക്കത്തോടെ  അതിൻറെ  ശരീരം  ചിതറിത്തെറിച്ചു.
ജസ്റ്റിന്‍  ആശുപത്രിയിലേക്ക്  മാറ്റപ്പെട്ടു.

പ്രധാന മന്ത്രി ലോകത്തോട്  ആ  ജീവികളെ നശിപ്പിക്കുന്നതിനുള്ള വഴി  അറിയിച്ചു കൊടുത്തു. ഇന്ത്യ
പ്രശ്നത്തെ നിസ്സാരവൽക്കരിക്കുന്നതായി ആരോപണമുയർന്നു. പക്ഷേ  അവയെ  കോള  ഉപയോഗിച്ച്  നശിപ്പിക്കുന്ന വീഡിയോ  അവഗണിക്കാൻ അവര്‍ക്ക്  സാധിച്ചില്ല.
ഇതിനിടെ  ഈ ജീവികൾ  സൃഷ്ടിച്ചത്  കോള  കമ്പനിയാണെന്നു കിംവദന്തി  പരന്നു.  അവരുടെ  നിരവധി  ഫാക്ടറികൾ ലോകത്താകമാനം ജനരോഷത്തിനിരയായി.
  ഈ  രക്തം കുടിക്കുന്ന ജീവികളെ  നശിപ്പിക്കുന്നതിനുള്ള മാർഗം  മറ്റു രാജ്യങ്ങളെ  ബോധ്യപ്പെടുത്താൻ  പ്രധാനമന്ത്രിക്കു സാധിച്ചു.
വിവിധ  രാജ്യങ്ങളിൽ നിന്നും  ഗാലൺ കണക്കിന് കോള കേരളത്തിലേക്കൊഴുകി. നിരവധി  രാജ്യങ്ങളുടെ  സംയുക്ത ആഭിമുഖ്യത്തിൽ  ഓപ്പറേഷന്‍  വാമ്പയർ പദ്ധതി  തയാറാക്കപ്പെട്ടു.

ഒരേ സമയം  ഭൂമിയില്‍ നിന്നും  ആകാശത്ത് നിന്നും  കോള മഴ കേരളമാകെ  പെയ്തു. യുദ്ധവിമാനങ്ങൾ ആയുധങ്ങള്‍ക്കു പകരം കോള മഴ പോലെ  വർഷിച്ചു കേരളത്തിനു മുകളിലൂടെ  പാറി നടന്നു.

താഴെ  ഭൂമിയില്‍  ആ ജീവികളെല്ലാം പുറത്തു  വരാന്‍ തുടങ്ങി. അവ കോളയിൽ  കുളിച്ചു  വീർത്തു  പൊട്ടി  ചത്തു വീഴാന്‍ തുടങ്ങി.

അവസാന ജീവിയെയും  ഭൂമിയില്‍ നിന്നു  തുടച്ചു  നീക്കി  എന്നുറപ്പ്  വരുത്തും  വരെ ഓപ്പറേഷന്‍  വാമ്പയർ തുടര്‍ന്നു

***********************************

"ജസ്റ്റിന്‍  നിൻറെയീ  കോള ഭ്രമം ശരീരത്തിനത്ര നല്ലതൊന്നുമല്ല  .."

ഫ്രീസറില്‍ അടുക്കി വച്ച കൊക്ക കോളയിൽ നിന്നും ഒരു ടിൻ എടുത്തു നല്‍കി കടക്കാരൻ ജമാല്‍ക്ക യുടെ മകന്‍ റിസ് വാൻ   പറഞ്ഞു.

" എന്തു ചെയ്യും  ..അഡിക്റ്റായി പോയി റിസ് വാൻ  . . "

അവന്‍  പതിവു പോലെ അവന്‍റെ വിളറിയ ചിരി ചിരിച്ചു. കോള അൽപാൽപമായി മൊത്തിക്കുടിച്ച്  വീടു ലക്ഷ്യമാക്കി നടന്നു .

അവസാനിച്ചു.

No comments:

Post a Comment