Saturday, April 23, 2016

വിശ്വനാഥിൻറെ സമയയാത്രകൾ

വിശ്വനാഥിൻറെ സമയയാത്രകൾ
=============================

ഇന്ത്യക്കു വേണ്ടി  ലോകത്തെ ഏറ്റവും  വേഗമേറിയ  വിമാനം  നിർമിച്ചെടുക്കാനുള്ള കഠിന യത്നത്തിലാണ്  ഡോക്ടര്‍  സക്കീര്‍ ഹുസൈന്‍. പാരമ്പര്യ ഇന്ധനങ്ങൾ ഉപയോഗിച്ച്  തനിക്ക്  ഒരിക്കലും  ലക്ഷ്യത്തിലെത്താൻ സാധിക്കില്ലെന്ന് അദ്ദേഹത്തിനു അധികം താമസിയാതെ തന്നെ  ബോധ്യമായി . വളരെ  മൈനറായ അണുവിസ്ഫോടനത്തിലൂടെ പുറന്തള്ളപ്പെടുന്ന ശക്തമായ  ഊർജപ്രവാഹത്തിലാണ് ഇപ്പോള്‍  അദ്ദേഹത്തിൻറെ മുഴുവന്‍  പ്രതീക്ഷയും.
പക്ഷേ  ആ ഊർജപ്രവാഹം തടഞ്ഞു നിര്‍ത്തി  ഉപയോഗിക്കുന്നതിനുള്ള അതിശക്തമായ ലോഹകവചം നിർമിച്ചെടുക്കുന്നതിൽ അദ്ദേഹം  അമ്പേ പരാജയപ്പെട്ടു. നിരവധി  ലോഹമൂലകങ്ങൾ അദ്ദേഹം  കൂട്ടിച്ചേർത്തു. പക്ഷേ  അവയൊന്നും 100% ഉപയോഗപ്രദമായിരുന്നില്ല.
ഒന്നുകില്‍  വലുതും  സങ്കീർണവുമായ മെഷീനുകൾ വേണം. അല്ലെങ്കിൽ  ടൺകണക്കിനു ഭാരവും  കട്ടിയുമുള്ള ഭീമാകാരമായ  ലോഹപാളികൾ ആയിരിക്കണം.ഒരു വിമാനത്തിനകത്ത് ഇവരണ്ടും ഉപയോഗിക്കുക അപ്രായോഗികമായിരുന്നു.നിരന്തരമായ പരീക്ഷണങ്ങൾ  അദ്ദേഹത്തിൻറെ  മനസും ശരീരവും  തളർത്തി. തന്റെ  വീടുമായി  അകന്നിട്ട് 6 മാസം  പിന്നിട്ടിരിക്കുന്നു. ഇനി  അൽപം  വിശ്രമം. അതിനിടയിൽ  തീർച്ചയായും  ഒരു  മികച്ച  ആശയം  തനിക്ക്  കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹത്തിനു തോന്നി.
   കേരളത്തിലെ  കുടുംബവീട്ടിൽ കായലിൽ  നിന്നെത്തുന്ന സുഖശീതളമായ കാറ്റേറ്റ്  പിതാവിന്റെ  ചാരുകസേരയിൽ ഒരു  ചൂടു  കട്ടനുമടിച്ചു മലർന്നു  കിടക്കുമ്പോഴാണ്  ചേച്ചിയുടെ  മകള്‍  സ്കൂളിലെ ശാസ്ത്രമേള  കാണുന്നതിന് കൂട്ടു പോരാമോ എന്നു ചോദിച്ചത്.  പുതിയ  കാലത്തെ കൊച്ചു  ഗവേഷകര്‍  എങ്ങനെ  ചിന്തിക്കുന്നു എന്നറിയാൻ അദ്ദേഹത്തിനു കൗതുകം തോന്നി.

പുതു തലമുറയുടെ പുതിയ  പുതിയ  ആശയങ്ങള്‍  ഡോക്ടറിൽ പ്രതീക്ഷയും  വിസ്മയവും സൃഷ്ടിച്ചു. ലളിതമായ  ചില  ഉപകരണങ്ങളിലൂടെ നിത്യജീവിതത്തിലെ നിരവധി  പ്രശ്നങ്ങൾക്ക് അവര്‍  പ്രതിവിധി  നിശ്ചയിക്കുന്നത് അദ്ദേഹം  കൗതുകത്തോടെ  വീക്ഷിച്ചു.

മനുഷ്യരുടെ മുടിനാരുകൊണ്ട്  ഉരുക്കിനെ വെല്ലുന്ന  വടം  നിർമിച്ചെടുത്ത ഒരു  കൊച്ചു മിടുക്കൻറെ ഡെമോൺസ്ട്രേഷൻ അദ്ദേഹത്തെ  ഹഠാദാകർഷിച്ചു, .
അദ്ദേഹം  അവനുമായി  കുശലം പറഞ്ഞു.
വിശ്വനാഥ്  എന്നാണവൻറെ  പേര്. അടിസ്ഥാന പരമായ ശാസ്തീയവിവരങ്ങൾ എല്ലാം അവന്‍   ഹൃദിസ്ഥമാക്കിയിരിക്കുന്നു.

"ഇതിനെ  നമുക്കൊരു  ബുള്ളറ്റ് പ്രൂഫ്  ജാക്കറ്റ് ആക്കി മാറ്റാന്‍  സാധിക്കുമോ.......? "

അദ്ദേഹം  വെറുതെ  അവനോടു ചോദിച്ചു.

" തീർച്ചയായും സർ, ആരെങ്കിലും  എനിക്കതിനുള്ള അവസരം ഒരുക്കിത്തരികയാണെങ്കിൽ  അണുവിസ്ഫോടനത്തിൻറെ ഊര്‍ജപ്രവാഹത്തെ വെല്ലുന്ന  ഉരു  കവചമാക്കി മാറ്റാന്‍  ഇതുകൊണ്ട്  സാധിക്കും  എന്നു ഞാന്‍  വിശ്വസിക്കുന്നു......"

അവന്‍റെ  വാക്കുകളിലെ നിശ്ചയദാർഡ്യവും ആവേശവും  അദ്ദേഹത്തിന് വളരെയധികം  ഇഷ്ടമായി.

ഡോക്ടര്‍  സ്വയം  ആരാണെന്ന്  അവനെ  പരിചയപ്പെടുത്തി. തന്റെ  ഇപ്പോഴത്തെ  ലക്ഷ്യം  എന്താണെന്ന് അവനോടു  സൂചിപ്പിച്ചു.

" നമ്മുടെ  രാജ്യത്തിന് നിൻറെ  സേവനം  ആവശ്യമുണ്ട്....നീ  വരുന്നോ  മിസ്റ്റര്‍  വിശ്വനാഥ്. ....? "

ഡോക്ടറുടെ ക്ഷണം അവനെ  ശരിക്കും  അത്ഭുതപ്പെടുത്തുക തന്നെ  ചെയ്തു.
വെറുമൊരു  സ്കൂള്‍  വിദ്യാർഥിയായ തന്നെ  ഒരു  ശാസ്ത്രജ്ഞൻ കൂടെ  വർക്കു  ചെയ്യുന്നതിനായി ക്ഷണിച്ചിരിക്കുന്നു.

" സർ  എനിക്ക്  വീട്ടുകാരുമായി സംസാരിക്കാൻ  അൽപം  സമയം  തരണം. ...!"

" ഓ കെ. ...നീ  ആലോചിച്ചു  മറുപടി പറഞ്ഞാല്‍ മതി. ..."

ഡോക്ടര്‍  മറുപടി പറഞ്ഞു.

അവധിക്കാലം തീർത്തു  ഡോക്ടര്‍  തൻറെ പരീക്ഷണങ്ങൾ  തുടര്‍ന്നു  കൊണ്ട്  പോവുന്നതിനായി  തൻറെ  ജോലി  സ്ഥലത്തേക്ക്  വിമാനം  കയറി.  അദ്ദേഹത്തിൻറെ  തൊട്ടടുത്ത  സീറ്റില്‍  ഒരു  കൊച്ചു  മിടുക്കനുമുണ്ടായിരുന്നു.
വിശ്വനാഥ്  എന്നായിരുന്നു  അവന്‍റെ പേര്

ഇന്ന്  ഡോക്ടര്‍  സക്കീര്‍ ഹുസൈന്‍  വളരെ  സന്തോഷത്തിലാണ്. ലോകത്തിലെ  ഏറ്റവും വേഗതയേറിയ  വിമാനം  ഇനി  ഇന്ത്യക്ക് സ്വന്തം. അദ്ദേഹം  വളരെയധികം  ആഹ്ളാദചിത്തനായി കാണപ്പെട്ടു.  വിശ്വനാഥ്  അപ്പോഴും  ആ കൊച്ചു  വിമാനത്തിനകത്ത്  തന്നെ  അതിന്റെ  വേഗത  തിട്ടപ്പെടുത്തുന്നതിനുള്ള ഒരു  സ്പീഡോമീറ്റർ  ഫിറ്റു   ചെയ്യുന്നതിനുള്ള  പരിശ്രമത്തിലായിരുന്നു.ഇതുവരെ കണ്ടെത്തിയ  ഒരു  ഉപകരണം  കൊണ്ടും  ഇതിൻറെ കൃത്യമായ  സ്പീഡ്  അളന്നു  തിട്ടപ്പെടുത്താനാവുന്നില്ല. സെക്കന്‍ഡിൽ 30 കിലോമീറ്റർ  സ്പീഡിൽ  ആണ്  ഭൂമി  സൂര്യനെ  ചുറ്റുന്നത്.മണിക്കൂറിൽ ഏകദേശം 108000 കിലോമീറ്റർ. ശബ്ദവേഗം മണിക്കൂറിൽ  ശരാശരി  1225 കിലോമീറ്റർ  മാത്രമാണ്  എന്നറിയുമ്പോഴാണ് നമുക്കതിൻറെ വ്യത്യാസം  മനസ്സിലാവുക. ഈ  എഞ്ചിന്‍ ഉപയോഗിച്ച്   സെക്കന്‍ഡിൽ   40 കിമീ  സ്പീഡിൽ  സഞ്ചരിക്കാനാവുമെന്നാണ് അനുമാനിക്കപ്പെടുന്നത്. വിശ്വനാഥ്  രാത്രി  വൈകിയും  വിമാനത്തിനുള്ളിൽ വിവിധ  പരീക്ഷണങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു.ചെറിയൊരു കൈയബദ്ധം   .സ്റ്റാര്‍ട്ട് മോഡിൽ നിന്നും  അപ്രതീക്ഷിതമായി  അത് ഫ്ലൈ  മോഡിലേക്ക് മാറ്റപ്പെട്ടു. സെക്കന്‍ഡിൽ  40 കിലോമീറ്റർ  വേഗതയില്‍  അത്  കുതിച്ചുയർന്നു. ശൂന്യാകാശത്തിൻറെ അനന്തതയിലൂടെ ഒരു  വെടിച്ചില്ലു പോലെ  അത് പാഞ്ഞു പോയി. അതിവേഗത്തിൽ  അത്  ഭൂമിയെ  വലം വച്ചു  തുടങ്ങി.  വിശ്വനാഥ്  അതിന്റെ  യാത്ര  അവസാനിപ്പിക്കാൻ കഠിനമായി  പരിശ്രമിച്ചു.

സമയം  പൊയ്ക്കൊണ്ടിരുന്നു. .......

എന്താണ്  സംഭവിക്കുന്നത്  എന്നറിയാതെ  അവന്‍  പകച്ചു.
കഠിനമായ  പരിശ്രമത്തിൻറെ ഫലമായി  അവനതു  വീണ്ടും  ഭൂമിയിലേക്ക്  തിരിച്ചിറക്കി. ഒരു  കൊള്ളിയാൻ  കണക്കെ  അത്  ഭൂമിയില്‍  വന്നു  പതിച്ചു. അതിന്റെ  ബോഡി  പക്ഷേ  ഏതൊരു  വീഴ്ചയെയും ചെറുക്കാൻ മാത്രം  അതിശക്തമായിരുന്നു.

എല്ലാ  യന്ത്രസംവിധാനങ്ങളും ഒരു  വിധം ഓഫ്  ചെയ്ത് അവന്‍  വിമാനത്തിൽ നിന്നും  പുറത്തിറങ്ങി.
താന്‍   ഏതോ  വലിയ  പട്ടണത്തിലാണ്. അത്  വിവിധ  വർണങ്ങളിലുള്ള ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന  ഒരു  പട്ടണമാണെന്നവനു മനസ്സിലായി. സമയം  രാത്രിയായിരിക്കുന്നു. അവനെ  അത്ഭുതപ്പെടുത്തിയത് ഒരു  സ്വാഗതബോർഡ്  ആണ്.

"വിശ്വനാഥിന് 2216 ലേക്ക്  സ്വാഗതം "

തനിക്ക്  പിഴവു  പറ്റിയോ....?

അല്ല. ...2216  എന്നു വ്യക്തമായി  എഴുതിയിരിക്കുന്നു..

നൂറു  നിലകളില്‍  കൂടുതല്‍  ഉള്ളവയാണ് ഭൂരിഭാഗം  കെട്ടിടങ്ങളും.

അതിനേക്കാൾ  അവനെ  അതിശയപ്പെടുത്തിൻറെ കൊടുമുടി യില്‍  എത്തിച്ചത്  ആകാശത്ത്  നിറഞ്ഞു  നിൽക്കുന്ന  ദീപങ്ങള്‍  ആയിരുന്നു.  ഹൈവേകളിലെ ദീപാലങ്കാരം പോലെ അവ  കണ്ണെത്താ ദൂരത്തോളം  നീണ്ടു  പോവുന്നു.

ദൈവമേ. ........അവനു  തൻറെ  കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
യഥാര്‍ത്ഥത്തിൽ  അതൊരു  ഹൈവേ  തന്നെയാണ്.  ചിറകില്ലാത്ത കൊച്ചു  കൊച്ചു  വിമാനങ്ങൾ  ആ ദീപങ്ങള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും  വേഗത്തില്‍  സഞ്ചരിക്കുന്നു.

ഒടുവില്‍  അവനാ സത്യം  ബോധ്യമായി.
താന്‍  200  വർഷം മുന്നോട്ടു  സഞ്ചരിച്ചിരിക്കുന്നു.

ഏതോ  ഒരു  വിചിത്ര  വാഹനം  തൻറെ  നേരെ  വരുന്നത് ഉൾഭയത്തോടെ  അവന്‍  കണ്ടു.

തന്നെ  ലക്ഷ്യമാക്കി  ഒരു   വിചിത്ര  രൂപമുള്ള  കാർ വരുന്നത് വിശ്വനാഥ് കണ്ടു. ആ വാഹനം  അവനെ  അത്ഭുതപ്പെടുത്തിയത്  അതിനു  ചക്രങ്ങള്‍  ഇല്ല  എന്നവനു മനസ്സിലായപ്പോഴാണ്. തറനിരപ്പിൽ അൽപം  ഉയര്‍ന്ന് വായുവിൽ  ആണത്  നിൽക്കുന്നത്. പെട്ടെന്ന്  കാർ  മുഴുവന്‍    സുതാര്യമായി. അതിനകത്തെ ആളുകളെ  ഇപ്പോള്‍  വ്യക്തമായി  കാണാം.  പക്ഷെ  ആ വാഹനത്തിന് ഒരു  ഡ്രൈവര്‍  കാബിനോ നിയന്ത്രകനോ ഉണ്ടായിരുന്നില്ല.  ആ വാഹനത്തിൽ നിന്നുംമുഖത്തോടു മുഖം  ഇരിക്കുന്ന  സുമുഖരായ നാലു  യുവാക്കള്‍  പുറത്തിറങ്ങി. അവർ വിശ്വനാഥിൻറെ  സമീപത്തേക്ക് നടന്നു  വന്നു.  വിശ്വനാഥ്  പക്ഷേ  ഏതോ  സ്വപ്നലോകത്തെന്ന പോലെ  അവരെ  മിഴിച്ചു നോക്കി  നിന്നു.

"ഹെലോ. ...വിശ്വനാഥ്  2216 ലേക്ക്  സ്വാഗതം. ..."

കൂട്ടത്തിൽ  നേതാവെന്നു തോന്നിപ്പിക്കുന്ന  ഒരാള്‍ അവന്‍റെ  കൈ പിടിച്ച്  കുലുക്കിക്കൊണ്ട് പറഞ്ഞു.

" ഹലോ. ...."  അവന്‍റെ  ശബ്ദം  പതറി.

"വരൂ ........."

അയാള്‍  അവനെ  അവരുടെ  വാഹനത്തിനകത്തേക്ക് ക്ഷണിച്ചു.

"സോറി. .....നിങ്ങൾക്കെങ്ങനെ.......എൻറെ  പേരറിയാം......? "

"ഹഹഹ.....ഈ  ചോദ്യം  ഞാന്‍  പ്രതീക്ഷിച്ചതാണ്.......അതു താങ്കള്‍ക്ക് വഴിയെ മനസ്സിലായിക്കൊള്ളും.....വരൂ. ...ആദ്യം  ഞാന്‍  നിങ്ങൾക്കു  മറ്റൊരു  അത്ഭുതം കാണിക്കാം...."

അദ്ദേഹം   ആ മുട്ടയുടെ ആകൃതിയിലുള്ള വാഹനത്തിൻറെ ഗ്ലാസിൽ  കൈ വച്ച്  കൊണ്ട്  പറഞ്ഞു.
ഫോട്ടോസ്റ്റാറ്റ് മെഷീന്‍  സ്കാന്‍ ചെയ്യുന്നതു പോലെ  അയാളുടെ  കൈപ്പത്തി  ആ ഗ്ലാസ്  സ്കാന്‍ ചെയ്തതു പോലെ  തോന്നി.

" സ്വാഗതം. .. കെ കെ 231"

അയാള്‍  അകത്തു കയറി.

"സികെ110...."അടുത്തയാൾ അകത്തു കയറുന്നതിനിടെ കാർ വീണ്ടും  ശബ്ദിച്ചു.

മൂന്നാമനായി അതിനകത്തേക്കു  കയറാന്‍  ശ്രമിച്ച വിശ്വനാഥ്  പക്ഷേ  പരാജയപ്പെട്ടു.  ആ വാഹനത്തിൻറെ ഡോർ തനിയെ  അടഞ്ഞു.

" അൺനോൺ ഐഡി. പ്ലീസ്  കൺഫേം യുവർ ഐഡി..."

അതു  വീണ്ടും  ശബ്ദിച്ചു.

കെ കെ  എന്നു  വിളിക്കപ്പെട്ടയാൾ ചിരിച്ചു കൊണ്ട്  പുറത്തേക്കിറങ്ങി.

" ഹഹഹ  സോറി  വിശ്വനാഥ്. .മാഗിന് താങ്കളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ...
സാരമില്ല  വഴിയുണ്ട്. ...."

" മാഗ്.....?"

" അതെ  മാഗ്നെറ്റിക് വെഹികിൾ. അഞ്ചു വര്‍ഷം മുമ്പ്  ഇൻഡ്യ  പൂർണമായും  മാഗ്നറ്റിക് ഫീൽഡിലേക്ക് മാറി. ...."

"വീലുകളുള്ള വാഹനങ്ങള്‍  ഒരെണ്ണം  പോലും  ഇപ്പോഴില്ല എന്നാണോ...?"

" തീർച്ചയായും.... മ്യൂസിയങ്ങളിലുണ്ട്...നമ്മുടെ  മുൻ തലമുറക്ക്  യാത്രാസൗകര്യങ്ങൾ എത്ര  പരിമിതമായിരുന്നു എന്നു പുതു തലമുറ  മനസിലാക്കണ്ടേ......അതിനു  സൂക്ഷിച്ചു വെക്കുന്നതാണവ....."

"അപ്പോള്‍  റോഡുകള്‍ .......? "

"റോഡുകള്‍  ഇല്ല . ..മാഗ്നറ്റിക്  ഫീൽഡുകൾ മാത്രം. ...."

അയാള്‍  തന്റെ വിരലിലെ  നീലവെളിച്ചം വിതറുന്ന  മോതിരത്തിൽ പതിയെ  അമർത്തിക്കൊണ്ട്  പറഞ്ഞു.
പെട്ടെന്ന്  മോതിരത്തിൽ നിന്നും  ഒരു  ജ്വാല  കാറിന്റെ  ചില്ലിൽ പതിഞ്ഞു.
അതൊരു  വ്യത്യസ്തമായ  കമ്പ്യൂട്ടർ സ്ക്രീന്‍  പോലെ  തോന്നി.  അയാള്‍  അതിൽ എന്തൊക്കെയോ  ടൈപ്പ് ചെയ്തു  കയറ്റി. മോതിരത്തിൽ നിന്നുള്ള  വെളിച്ചം  നിലച്ചു.  അയാള്‍  വിശ്വനാഥിൻറെ  കൈപ്പത്തി  കാറിന്റെ  ചില്ലിൽ  പതിച്ചു  വച്ചു.  അത്  സ്കാന്‍  ചെയ്യപ്പെട്ടു.

" മിസ്റ്റര്‍  വിശ്വനാഥ്  ഇന്ത്യയിലേക്കു  സ്വാഗതം. താങ്കളുടെ  റസിഡന്റ്  പെർമിറ്റ് നമ്പര്‍  വിഎസ്എൻ 2016. Agreed? ....."

" yes  agreed.....എന്നു  പറഞ്ഞോളൂ. .."

കെ കെ 231 ഒരു  പുഞ്ചിരിയോടെ പറഞ്ഞു.

" Yes agreed "

വിശ്വനാഥ്  പറഞ്ഞു.

ഇനി മുതല്‍  താന്‍ VSN2016 ആണ്.  അവനവരുടെ നടപടി ക്രമങ്ങള്‍  മനസ്സിലായിത്തുടങ്ങിയിരുന്നു.

വീണ്ടും  അവൻ കൈ  ഗ്ലാസിൽ  വച്ചു.

"സ്വാഗതം VSN2016...."

കാറിൽ നിന്നും  ശബ്ദം  മുഴങ്ങി.  വാതില്‍ തുറക്കപ്പെട്ടു. അവര്‍  വീണ്ടും  അകത്തു കയറി.
ആ വാഹനം  മുന്നോട്ടു  ചലിക്കാൻ തുടങ്ങി.  അൽപദൂരം  സഞ്ചരിച്ചപ്പോഴേക്കും അതൊരു  വലിയ പ്രതിമക്കു മുന്നില്‍  നിശ്ചലമായി.

അവര്‍  പുറത്തിറങ്ങി.
ആ  ഭീമന്‍  പ്രതിമ  തനിക്ക്  നല്ല  പരിചയമുള്ളതു പോലെ  വിശ്വനാഥിനു തോന്നി.  അതിനു  സമീപം  തന്നെ  ഒരു  ചെറിയ  പ്രതിമ  കൂടിയുണ്ടായിരുന്നു.
അവയുടെ  ചുവട്ടില്‍  ചെറിയ  വെളിച്ചത്തിൽ തിളങ്ങുന്ന  വാക്കുകള്‍  അവന്‍  പതുക്കെ  വായിച്ചു.
ഡോക്ടര്‍  സക്കീര്‍ ഹുസൈന്‍ ആൻഡ്
വിശ്വനാഥ്.

അത്  തൻറെയും തൻറെ  ഗുരുനാഥന്‍റയും പൂർണകായ പ്രതിമകളാണത്.

അവന്‍റെ മുഖത്ത്  ഒരു  ചെറു പുഞ്ചിരി  വിടർന്നു.

"നിങ്ങളുടെ എസ്  വി  പിയുടെ കണ്ടുപിടുത്തം  നമ്മുടെ  ഊര്‍ജസങ്കൽപങ്ങളെ തന്നെ  മാറ്റി വരച്ചു"

കെ കെ  പറഞ്ഞു.

" S V P. ..? "

" അതെ.  സക്കീര്‍ ഹുസൈന്‍  വിശ്വനാഥ്  പവര്‍  സിസ്റ്റം. ...."

അയാള്‍  പറഞ്ഞു.

വിശ്വനാഥ്  അവിശ്വസനീയതയോടെ  അയാളുടെ മുഖത്തേക്കു നോക്കി.

"S V P..... കൊള്ളാം. .ഞാനും  എന്റെ  ഗുരുനാഥനും ഈ എനർജിയുമായി എങ്ങനെയാണ്  ബന്ധപ്പെടുന്നത്....?"

വിശ്വനാഥ്  ചോദിച്ചു.

" പറയാം. .താങ്കള്‍  വന്ന  വിമാനത്തിൽ ഉപയോഗിച്ച എനർജി ഏതാണ്....? "

"ആറ്റോമിക്  എനർജി"

"നിങ്ങള്‍ക്ക്  മുമ്പ്  ഇത്ര  ഹൃസ്വമായ ഫീൽഡിൽ ആരെങ്കിലും  അതുപയോഗിച്ചതായറിയുമോ....? "

"ഇല്ല. .അതറിയില്ല ....." അവന്‍ പറഞ്ഞു.

" അതെ. ..അത്  ലോകത്തിൻറെ യാത്രാ സങ്കൽപങ്ങളെ മാറ്റി  മറിച്ച ഒരു  കണ്ടുപിടുത്തം  തന്നെയായിരുന്നു. ....."

"പക്ഷേ  അതിനെ  പൂർണമായി  നിയന്ത്രിക്കുന്നതിനു കഴിഞ്ഞിരുന്നില്ല....."

" അതു  ഞങ്ങള്‍  സാധിച്ചെടുത്തു....."

കെ കെ 231  പറഞ്ഞു.

" ഇൻഡ്യ യില്‍  നിന്നും  അമേരിക്കയിൽ  എത്താന്‍  ഇപ്പോള്‍  35  സെക്കന്‍ഡുകൾ  മതിയാകും. കൃത്യമായി പറഞ്ഞാല്‍  34.2 സെക്കന്‍ഡ്."

"Wow........"വിശ്വനാഥിൻറെ  കണ്ണുകള്‍  അത്ഭുതത്തോടെ  വിടർന്നു.

" SMS  service" കൾക്കാണ് SVP വ്യാപകമായി  ഉപയോഗപ്പെടുത്തുന്നത്.

"SMS  സർവീസുകൾക്കോ.........? "

"അതേ.......താങ്കള്‍ക്ക്  ഞാനത്  ബോധ്യമാക്കി തരാം. ...വരൂ  നമുക്കൽപം ഭക്ഷണം  ഓർഡർ ചെയ്തു  നോക്കാം. ...."

കെ കെ  കാറിനടുത്തേക്ക് നടന്നു  കൊണ്ട്  പറഞ്ഞു.

ഈ കാലഘട്ടത്തിലെ  റസ്റ്റോറൻറിൻറുകൾ കാണുന്നതിനുള്ള  ആകാംക്ഷയോടെ  വിശ്വനാഥ്  കാറിൽ കയറി.

കെ കെ  അയാളുടെ  മോതിരം  പ്രവർത്തിപ്പിച്ചു. മേശപ്പുറത്ത് ഒരു കമ്പ്യൂട്ടർ സ്ക്രീന്‍  തെളിഞ്ഞു.

"സദ്യ  വേണോ.....സദ്യ ടാബ്ലറ്റ്   മതിയോ. .വിശ്വനാഥ്. ...?

" സദ്യ ടാബ് ലറ്റ്. ...? "  വിശ്വനാഥ്  മനസ്സിലാവാതെ അയാളുടെ മുഖത്തേക്കു നോക്കി.

"നാച്ചുറല്‍ സദ്യ ഈ  കാലത്ത്  വളരെ  ചിലവേറിയതാണ്. ടാബ്ലെറ്റുകൾക്ക്  അതിൻറെ  10%ത്തില്‍  താഴെ  മാത്രമാണ് വില.

"രുചി ......?."

" മികച്ച  കമ്പനികളുടെ ഫുഡ്  ടാബുകൾ ഒറിജിനലിനെ വെല്ലുന്ന  തരത്തില്‍  രുചികരമാണ്...."

"ഗുളിക  കഴിച്ചതു കൊണ്ട്  വിശപ്പ്  മാറുന്നതെങ്ങനെ.....മിഠായിയാണോ താങ്കള്‍  ഉദ്ദേശിച്ചത്.....? "

അവൻ  വീണ്ടും ചോദിച്ചു.

"അല്ല  ഫുഡ് ടാബ്ലെറ്റുകൾ  താങ്കളുടെ  വിശപ്പ്  ഇല്ലാതാക്കും. എല്ലാ  വിറ്റാമിനുകളും മിനറൽസും ശരീരത്തിനു ലഭിക്കുകയും ചെയ്യും. ...."

കെ കെ  231 പറഞ്ഞു നിർത്തി.

താനേതോ അത്ഭുതലോകത്ത് എത്തിയത് പോലെ  വിശ്വനാഥ്  ആ വാഹനത്തിൽ  മിഴിച്ചിരുന്നു.
പക്ഷേ  അവനെ  അത്ഭുതപ്പെടുത്തുന്ന  കാഴ്ചകള്‍  വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

" കെ കെ 231  യൂ  ഹാവ് എ  ന്യൂ  മെസ്സേജ്........"

കാർ  ശബ്ദിച്ചു.

കെ കെ  അതിന്റെ  ഡാഷ് ബോര്‍ഡ്  തുറന്നു.
അതിൽ നിന്നും  പ്രത്യേക  രൂപത്തില്‍  ഉള്ള  ഒരു  ബോക്സ്  പുറത്തെടുത്തു.  അതില്‍  ഒരു  സദ്യയും  കുറച്ചു  സദ്യ  ടാബ്ലറ്റും അടങ്ങിയിരുന്നു.

SMS ൻറെ  പുതിയ  വേര്‍ഷന്‍  കണ്ടു  വിശ്വനാഥ്  മിഴിച്ചു  നിന്നു.

കെ കെ  ആ കാറിനകത്തെ  ഒരു  സ്വിച്ച് ഓണ്‍ ചെയ്തു.  അവര്‍ക്ക് നടുവില്‍  ഒരു ഡൈനിംഗ് ടേബിള്‍  ഉയര്‍ന്നു  വന്നു. അയാള്‍  അതിനു മുകളില്‍  ഭക്ഷണ സാധനങ്ങള്‍  നിരത്തി വച്ചു.
അവയുടെ  ആസ്വാദ്യകരമായ മണം കാറിനകത്താകെ വ്യാപിച്ചു.

സദ്യയെ  കവച്ചു വെക്കുന്ന  രുചിയായിരുന്നു അവയുടെ  ടാബ്ലെറ്റുകൾക്ക്.

"ലോകത്തെ ഇപ്പോഴത്തെ  സമ്പന്നരാഷ്ട്രങ്ങൾ ഏതൊക്കെയാണ്.....?"

ശക്തമായ  എയര്‍  പുറത്തു വിടുന്ന  പൈപ്പിനു താഴെ  കൈകള്‍  കഴുകിക്കൊണ്ട് വിശ്വനാഥ്  ചോദിച്ചു.
അതിൽ നിന്നും ഒരു  പുക  പോലെ  മാത്രമേ  വെള്ളം  വരുന്നുണ്ടായിരുന്നുള്ളൂ. പക്ഷേ  അവൻറെ  കൈ വൃത്തിയാക്കാൻ അത്  പര്യാപ്തമായിരുന്നു.

" അതെന്താ  സംശയം  ആഫ്രിക്കൻ രാഷ്ട്രങ്ങൾ തന്നെ ......!"

"ആഫ്രിക്കൻ രാഷ്ട്രങ്ങളോ.....അതെങ്ങനെ  സംഭവിച്ചു ...? "

അവൻ  അതിശയിച്ചു.

"നിങ്ങള്‍  SVP  കണ്ടുപിടിച്ചതോടു കൂടി  പാരമ്പര്യ  ഇന്ധനങ്ങൾ  അപ്രസക്തമായി. ഇപ്പോള്‍  എല്ലാ  രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നത് കുടിവെള്ളമാണ്. കഴിഞ്ഞ  നൂറ്റാണ്ടിലെ സമ്പന്ന രാഷ്ട്രങ്ങൾ  എല്ലാം  വെള്ളത്തിൻറെ അനിയന്ത്രിതമായ ഇറക്കുമതി മൂലം  പാപ്പരായി....."

" അതും  ആഫ്രിക്കൻ രാഷ്ട്രങ്ങളും തമ്മില്‍  എന്തു ബന്ധം. ...? ..."

അവന്‍  വീണ്ടും  ചോദിച്ചു

"അവിടെയാണ്  കൂറ്റന്‍  ജലശേഖരങ്ങൾ ഭൂമിക്കടിയിൽ കണ്ടെത്തിയിട്ടുള്ളത്...."

കെ കെ  പറഞ്ഞു.

ലോകത്ത്  ദാരിദ്ര്യം  അപ്രത്യക്ഷമായിരിക്കുന്നു. പണ്ടത്തെ  സമ്പന്നരെല്ലാം ദരിദ്രരായി മാറിയിരിക്കുന്നു. വിശ്വനാഥ്  ആലോചിച്ചു കൊണ്ടിരുന്നു.

" വിശ്വനാഥ്  താങ്കള്‍ക്ക്  എയര്‍ ഫീൽഡ് കാണുന്നതിനു താൽപര്യമുണ്ടോ.....? "

കെ കെ യുടെ  ചോദ്യം  അവനെ  ചിന്തയില്‍ നിന്നുണർത്തി.

"എയര്‍  ഫീൽഡ്.....? "

"അതെ....നമ്മുടെ  ആകാശസഞ്ചാരവും ഇപ്പോള്‍  എളുപ്പമായിരിക്കുന്നു....."

കെ കെ  മാഗ് നെ ഒരു  പാർക്കിംഗ്  ഗ്രൗണ്ടിലേക്കു തിരിച്ചു കൊണ്ട്  പറഞ്ഞു. വലുതും ചെറുതുമായ  നിരവധി  മാഗ്നറ്റിക്  വാഹനങ്ങള്‍  അവിടെ  പാർക്കു ചെയ്തത് വിശ്വനാഥ്  കണ്ടു.

അവര്‍  തൊട്ടടുത്ത  എയര്‍ ഫീൽഡ് വാഹനങ്ങള്‍  പാര്‍ക്ക്  ചെയ്ത  ഗ്രൗണ്ടിലേക്കു നടന്നു.  ഒരു  12 നില  കെട്ടിടം  മുഴുവന്‍  വിവിധ  തരം പച്ചക്കറികൾ  വളർത്തുന്നവൻ കണ്ടു.
12  നിലകളുള്ള  പാടം. ചില  യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ  അവക്ക്  മതിയായ  സൂര്യപ്രകാശം ഓരോ  ചെടികൾക്കും സപ്ലൈ  ചെയ്യപ്പെടുന്നു.അവൻ അറിയാതെ  ചിരിച്ചു പോയി.

" ഇപ്പോള്‍  ലോകത്തെ  ഏറ്റവും  സമ്പന്നരും  ഏറ്റവും കൂടുതല്‍  ശമ്പളം  കൈപ്പറ്റുന്നവരും കൃഷിക്കാരാണ്"

കെ കെ  അതുപറഞ്ഞപ്പോൾ വിശ്വനാഥിൻറെ  ചിരി  അറിയാതെ  മാഞ്ഞു പോയി.

"ഏറ്റവും കൂടുതല്‍  വാഹനങ്ങള്‍  സഞ്ചരിക്കുന്നത് എയര്‍ ഫീൽഡിലാണ്...."

ഒരു  കൊച്ചു  വിമാനത്തിൻറെ ഗ്ലാസിൽ  തൻറെ  കൈ  സ്കാന്‍ ചെയ്തു  കൊണ്ട്  കെ കെ  പറഞ്ഞു.

" പക്ഷേ  അവയുടെ  ഇന്ധനം തീർന്നു പോയാല്‍  അവ  താഴെ വീണു  തകരില്ലേ....?"

വിശ്വനാഥ്  അതിനകത്തേക്കു  കേറുമ്പോൾ  ചോദിച്ചു.

" ഹഹഹ  ന്യായമായ  സംശയം. ...ഞാന്‍  നേരത്തേ  പറഞ്ഞില്ലേ  പരമ്പരാഗത  ഇന്ധനങ്ങൾ  നമ്മള്‍  ഉപേക്ഷിച്ചു കഴിഞ്ഞുവെന്ന്....ഇപ്പോള്‍  എല്ലാ  ഊർജമുപയോഗിക്കുന്ന വസ്തുക്കളും  ഈസി റേയ്സ്  കണക്ടഡ് ആണ്. അതായത് ഊര്‍ജത്തെ നമുക്ക്  കൺവർട്ടു  ചെയ്ത്  പഴയ  മൊബൈല്‍  സിഗ്നലുകൾ പോലെ  അയക്കാൻ  പറ്റും.
ചുരുക്കി പറഞ്ഞാല്‍  ഒരു  റസീവർ ഉണ്ടെങ്കിൽ  നാമെപ്പോഴും കണക്ടഡ്  ആയിരിക്കും. ...."

"എന്താണീ   ഈ  സി റേയ്സ്. ....?"

"കൺവർട്ടട് എനർജി കാരിയർ  ആണിത്. ആവശ്യമായ  എനർജി  ഇവ മുഖേന  സ്വീകരിക്കാം...."

ആ വാഹനം  പതുക്കെ  ആകാശത്തേക്ക് പറന്നുയർന്നു.  മുകളില്‍  താന്‍  വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ കണ്ട ആകാശറോഡ്. അതിലൂടെ  നിരവധി  ആകാശവാഹനങ്ങൾ വേഗത്തില്‍  സഞ്ചരിക്കുന്നു. .

വിശ്വനാഥ്  അത്ഭുതപ്പെട്ടു .

ആ വിസ്മയ ലോകത്ത് ആ വിസ്മയ വാഹനത്തിലിരുന്ന് വിസ്മയാവഹമായ എയര്‍  ഫീൽഡിലൂടെ  അവർ യാത്ര  തുടങ്ങി.

ആകാശത്ത്  ഒരു  ഹൈവേ  തന്നെ  രൂപപ്പെട്ടിരിക്കുന്നു. ഒരേ ഭാഗത്തേക്കു തന്നെ  രണ്ടു  തരം  എയര്‍  ഫീൽഡുകൾ.
മാഗ്നറ്റിക് ഫീൽഡിലെ വാഹനങ്ങള്‍  പോലെ  നിയന്ത്രണത്തിന് പ്രത്യേക  ആളില്ലാത്ത  ഓട്ടോമാറ്റിക് വാഹനങ്ങള്‍.  അവ സെറ്റു ചെയ്യപ്പെട്ട സ്പീഡിൽ  ഒരു  ഫീൽഡിലൂടെ കടന്നു പോവുന്നു. മാന്വല്‍  ഫീൽഡിൽ  പക്ഷേ  വാഹനങ്ങളെ ആരെങ്കിലും  നിയന്ത്രിച്ചു കൊണ്ടിരിക്കുന്നുണ്ട്.

" നമ്മള്‍  ചന്ദ്രനിൽ  താമസം  തുടങ്ങിയോ....? "

അവൻ  കെ കെ യോടു ചോദിച്ചു.

" ഇല്ല  പക്ഷേ  നമ്മുടെ  ഊർജനിലയങ്ങൾ എല്ലാം  ചന്ദ്രനിലാണുള്ളത്....പക്ഷേ  ശൂന്യാകാശത്ത് നിരവധി  പേര്‍  ജോലി ചെയ്യുന്നുണ്ട്....? "

" എന്തുജോലി....? "

വിശ്വനാഥിൻറെ  ശബ്ദത്തിൽ  ആകാംക്ഷ നിറഞ്ഞു നിന്നു.

"അവിടെയാണ്  പവര്‍  സബ്സ്റ്റേഷനുകൾ ഉള്ളത്. ചന്ദ്രനിൽ ഉത്പാദിപ്പിക്കപ്പെടുന്ന പവര്‍  സ്പേസിൽ നിന്നും  കൺവർട്ടു  ചെയ്ത് ഭൂമിയിലേക്കയക്കുന്നു. നമ്മുടെ  ഇന്ത്യയിപ്പോൾ 8 രാഷ്ട്രങ്ങൾക്ക് പവര്‍  സപ്ലൈ ചെയ്യുന്നുണ്ട്. ..."

കെ കെ പറഞ്ഞു.

" നിങ്ങള്‍ക്ക്  എങ്ങനെയാണ്  എന്നെയും  ഡോക്ടര്‍  സക്കീര്‍ ഹുസൈനെയും അറിയുന്നത്. ....? "

അവൻ  വീണ്ടും ചോദിച്ചു.

" നിങ്ങളുടെ  ആത്മകഥ  കുട്ടികളുടെ പാഠപുസ്തകമാണ്...ഡോക്ടര്‍  ആണ് ആധുനിക  ഊർജത്തിൻറെ പിതാവ്. ..."

"ഞാന്‍   എഴുതിയ  ആത്മകഥയോ....? ." വിശ്വനാഥ്  ചിരിച്ചു.

"അതെ അതിൽ താങ്കള്‍  ഈ നൂറ്റാണ്ടിലേക്കു നടത്തിയ  യാത്ര  വ്യക്തമായി  വിവരിക്കുന്നുണ്ട്. അതുകൊണ്ടാണ് താങ്കളെ സ്വീകരിക്കാൻ ഞങ്ങള്‍  കാത്തു നിന്നത്.

തന്റെ  മരണം  ഏതുദിവസമാണെന്ന് ഒരു പക്ഷെ  ഇവർക്ക്  അറിയാമായിരിക്കണം.ഒന്നു ചോദിച്ചു  നോക്കിയാലോ...വിശ്വനാഥ്  ചിന്തിച്ചു. അല്ലെങ്കിൽ  വേണ്ട. അതു തൻറെ  തുടർജീവിതത്തെ സാരമായി ബാധിക്കും.
അവനതു  ചോദിക്കേണ്ടതില്ലെന്നു  തീരുമാനിച്ചു.
കൂടുതല്‍  കൂടുതല്‍  കാഴ്ചകള്‍ കണ്ട്  അവര്‍  ആകാശത്ത്  കറങ്ങി നടന്നു.
ഈ കാലഘട്ടവുമായി പൊരുത്തപ്പെട്ടു പോവാൻ  തനിക്ക്  പ്രയാസമാണെന്ന് അവനു  ബോധ്യമായി തുടങ്ങി.
ഇവരുടെ  ബുദ്ധി നിലവാരം തന്നെക്കാൾ വളരെ  മികച്ചതാണ്. പക്ഷേ  ഇവരതു തനിക്ക്  മുന്നില്‍  ഭാവിക്കുന്നില്ലെന്നു മാത്രം.

" കെ കെ  എനിക്കെൻറെ  കാലത്തേക്ക് തിരിച്ചു  പോവണം. ..."

വിശ്വനാഥ്  പറഞ്ഞു.

" കുറച്ചു  ദിവസം  ഇവിടെ  താമസിച്ച് എല്ലാം  കണ്ടാസ്വദിച്ചു പോയാല്‍  പോരേ....? "
കെ കെ  പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

" പോരാ. .ഡോക്ടര്‍  എന്നെയും  വാഹനത്തെയും കാണാതെ  വിഷമിക്കുന്നുണ്ടാവും....."

" ശരി. ..അതിനുള്ള  ഏർപ്പാടുകൾ ചെയ്യാം. ...."

അവര്‍ ആ വാഹനം  വീണ്ടും  താഴേക്ക്  ഇറക്കി.

താന്‍  ഇടിച്ചിറക്കിയ വിമാനം  പണികളെല്ലാം തീർത്തു  യാത്രക്ക്  സജ്ജമായിരിക്കുന്നു.
വിശ്വനാഥ്  വിമാനത്തിനകത്ത്  കയറി.  ആകാശത്ത്  ഒരായിരം പൂത്തിരികൾ പെയ്തിറങ്ങി . ആ സമൂഹം  അവനു യാത്രാമംഗളങ്ങൾ നല്‍കി.

"നമ്മുടെ  ഓരോ  ചലനവും  ലോകം മുഴുവന്‍  കാണുന്നുണ്ടായിരുന്നു. ..."

കെ കെ  പറഞ്ഞു.

പുതുതായി  ഫിറ്റു  ചെയ്ത ഒരു  മീറ്റര്‍  അയാള്‍  അവനു  പരിചയപ്പെടുത്തി.

" ഇതാണ് ഇയർ മീറ്റര്‍. .....ഏതു  കാലത്തേക്കാണോ താങ്കള്‍ക്ക്  സഞ്ചരിക്കേണ്ടത് അത്  ഈ മീറ്ററിൽ സെറ്റു ചെയ്താല്‍ മതി. ...."

അയാള്‍  വിശ്വനാഥിൻറെ  കൈകള്‍  കൂട്ടിപ്പിടിച്ചു  യാത്രാമംഗളങ്ങൾ നേർന്നു.
വിശ്വനാഥ്  ഇയർ മീറ്ററിൽ താൻ പുറപ്പെട്ട സമയവും  ദിവസവും 2016  വർഷവും  സെറ്റു  ചെയ്തു.
എഞ്ചിന്‍  സ്റ്റാർട്ടായി. അവന്‍  വീണ്ടും  ഒരു തവണ കൂടി  പുറത്തേക്ക് നോക്കി.  തന്നെ  യാത്രയാക്കുന്നതിനായി എല്ലാ  വാഹനങ്ങളും  നിശ്ചലമായിരിക്കുന്നു.
അവന്‍റെ  വിരൽ  ഫ്ലൈ മോഡ് സ്വിച്ചിൽ അമർന്നു. ഒരു  പ്രകാശകിരണം പോലെ  ആ വാഹനം  മുകളില്‍  അപ്രത്യക്ഷമായി.

വിശ്വനാഥ്  വിമാനത്തിൽ നിന്നിറങ്ങുമ്പോൾ ഡോക്ടര്‍  സക്കീര്‍ ഹുസൈന്‍  പ്ലാന്റിലെ എല്ലാവർക്കും  മധുരം വിതരണം ചെയ്യുകയാണ്.
അവനെ  കണ്ടയുടനെ അയാള്‍  അവനരികിലേക്കോടിയെത്തി. വായില്‍  കുറച്ചു  മധുരം  വച്ചു  കൊടുത്തു.
വിശ്വനാഥിൻറെ  വിരലില്‍  അപ്പോള്‍  ഒരു  നീല നിറമുള്ള  മോതിരം തിളങ്ങി.
കെ കെ  അവനു  സമ്മാനിച്ചതായിരുന്നു ആ മോതിരം.

അവസാനിച്ചു